Friday 5 June 2015

പരിസര ദിനാഘോഷം

നിലനില്പിനായുള്ള ജീവിത രീതികള്‍
എഴുന്നൂറു കോടി സ്വപ്നങ്ങള്‍ - ഒരു ഗ്രഹം - കരുതലോടെ ഉപയോഗിക്കൂ
    





      എന്ന സന്ദേശത്തടെ ലോകമെങ്ങും ആഘോഷിച്ച പരിസര ദിനം പാണൂര്‍ ഗവ.എല്‍.പി.സ്കൂളിലും അര്‍ത്ഥവത്തായി ആഘോഷിച്ചു. അസംബ്ലിയില്‍ പരിസരദിനത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളേന്തിയുള്ള റാലി നടത്തി. റാലിക്കു ശേഷം എല്ലാവരും പ്രതിജ്ഞ ചൊല്ലി ഭൂമിയുടെ കാവലാളായി. 





പാണൂര്‍ ഗ്രാമത്തിലെ മികച്ച കര്‍ഷകരായ നാരായണേട്ടനും ഗോപാലേട്ടനും കൃഷ്ണേട്ടനും ചേര്‍ന്ന് സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് കുട്ടികളുമായി സംവദിച്ചു. ഭക്ഷ്യവിളകളില്‍ സ്വയം പര്യാപ്തമായിരുന്ന പാണൂര്‍ ഗ്രാമത്തിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ ദീപ്ത സ്മരണകള്‍ അവര്‍ ഒളിമങ്ങാതെ പുതിയ തലമുറയുമായി പങ്കിട്ടു. നാണ്യവിളകളിലേക്ക് - കൂടുതലായും കവുങ്ങ് കൃഷിയിലേക്ക് മാറിയതോടെയാണ് ആ കാലം ഇല്ലാതായതെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞു. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുവാന്‍ കുട്ടികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കാമെന്ന് അവര്‍ അറിയിച്ചു.തുടര്‍ന്ന് പരിസ്ഥിതി കവിതകളുടെ ആലാപനം നടന്നു.










Tuesday 2 June 2015

പ്രവേശനോത്സവം 2015

      വര്‍ണാഭമായ ചടങ്ങുകളോടെ, അക്ഷരത്തെളിച്ചത്തിനായി പാണൂര്‍ സ്കൂളിന്റെ  പടി കടന്നെത്തിയ കുരുന്നുകള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി. ബലൂണുകളും പീപ്പികളും മധുരവും നല്‍കി അവരെ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം  സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ട് ശ്രീ.എം.ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതാമശംസിച്ചു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി രമണി അധ്യക്ഷയായിരുന്നു. പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് പഠനോപകരണങ്ങള്‍ നല്‍കി. ഹെഡ്മാസ്റ്റര്‍ പാഠപുസ്തക വിതരണം നടത്തി. പാണൂര്‍ പീപ്പിള്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ ശ്രീ.ജയചന്ദ്രന്‍ വിതരണം ചെയ്തു. അമ്മമാരും അധ്യാപികമാരും ചേര്‍ന്ന് ആലപിച്ച പ്രവേശനോത്സവ ഗാനത്തിനു ശേഷം  റാലി നടത്തി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ആവേശപൂര്‍വ്വം റാലിയില്‍ പങ്കെടുത്തു. കഥകളും പാട്ടുകളും പാടി ഒന്നാം ദിവസം ആഘോഷമാക്കി മാറ്റി. ഉച്ചഭക്ഷണത്തിനു ശേഷവും ആഘോഷ പരിപാടികള്‍ തുടര്‍ന്നു. വിദ്യാലയത്തിലെ ആദ്യ ദിനം ആവേശമാക്കി പ്രവേശനോത്സവ പരിപാടികള്‍ സമാപിച്ചു.










Saturday 30 May 2015

പരിസര ദിനം

 നിലനില്പിനായുള്ള ജീവിത രീതികള്‍
എഴുന്നൂറു കോടി സ്വപ്നങ്ങള്‍ ഒരു ഗ്രഹം. കരുതലോടെ ഉപയോഗിക്കൂ

സ്കൂള്‍ പ്രവേശനോത്സവം

     അവധിക്കാലത്തിന്റെ ആലസ്യം വെടിഞ്ഞ് കുരുന്നുകള്‍ വീണ്ടും വിദ്യാലയത്തിലേക്ക് . . . പ്രവേശനോത്സവത്തിനായി ഗവ.എല്‍.പി.സ്കൂള്‍ പാണൂര്‍ ഒരുങ്ങി.  പുത്തന്‍ അനുഭവങ്ങളിലൂടെ വിജ്ഞാനത്തിന്റെ വിസ്മയ വിഹായസ്സിലേക്ക് . . . .
എല്ലാ കുരുന്നുകള്‍ക്കും സന്തോ‍പ്രദമായ വിദ്യാഭ്യാസ വര്‍ഷം ആശംസിക്കുന്നു.

Friday 10 April 2015

യാത്രയയപ്പ്

 
           വിദ്യാലയത്തില്‍ നിന്നും ഉപരിപഠനത്തിനായി പോകുന്ന കുട്ടികള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം നടന്നു. സജിത്ത് മാഷ് സ്വാഗതമാശംസിച്ചു. ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ കുട്ടികളും യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിച്ചു. വിദ്യാലയ അനുഭവങ്ങള്‍ പങ്കുവെച്ചു. സീനിയര്‍ അസിസ്റ്റന്റ് ഇന്ദിര ടീച്ചര്‍, ലളിത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സമ്മേളനത്തില്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്നും ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച ശിവനന്ദ, ശ്രീരശ്മി, കീര്‍ത്തന എന്നിവര്‍ക്കും അറിവരങ്ങ് പരിപാടിയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ആരോമല്‍, ശ്രീരശ്മി, വൈഷ്ണവ് എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ഹെഡ്മാസ്റ്റര്‍ ദമോദരന്‍ വിതരണം ചെയ്തു.





Wednesday 18 March 2015

പഠനയാത്ര

വാതില്‍പ്പുറ പഠനത്തിന്റെ സാധ്യതകള്‍ തേടി പാണൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഏകദിന പഠനയാത്ര നടത്തി. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴമൊഴി തിരുത്തിക്കൊണ്ട് നമ്മുടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര സംഘടിപ്പിച്ചത്. അനന്തപുരം ക്ഷേത്രം, സീതാംഗോളിയിലെ വ്യവസായ പാര്‍ക്കിലെ പ്രധാന വ്യവസായ ശാലകള്‍, കാസറഗോഡ് സാരീസ്, വിദ്യാ നഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കാരവല്‍ ദിനപത്രം, നിത്യാനന്ദ കോട്ട, മാവുങ്കാലിലെ മില്‍മാ പ്ലാന്റ്, ആനന്ദാശ്രമം, ബേക്കല്‍ കോട്ട, പള്ളിക്കര ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലൂടെയാണ് യാത്രാ സംഘം നീങ്ങിയത്.